മാർജ്ജാരനായകി- നിരൂപണം #Book15
ഈ പുസ്തകം വാങ്ങാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

ഒരുപാട് നാളുകൾക്ക്‌ ശേഷം മലയാള സാഹിത്യം വായിക്കാൻ ഒരവസരം ലഭിച്ചു. റിവ്യൂ തിരക്കുകളിൽ മലയാളം വായിക്കാൻ അവസരം കിട്ടിയില്ല എന്നുള്ളതാണ് സത്യം. മൃദുലയുടെ മാർജ്ജാരനായകി വായിക്കുമ്പോഴാണ് എത്ര സുഖമുള്ള ഒരനുഭവമാണ് മാതൃഭാഷയുമായി താദാത്മ്യം പ്രാപിക്കുന്നത് എന്ന് ഓർമപ്പെടുത്തുന്നത്.

ഒരുപാട് വലിച്ചു നീട്ടലുകളില്ലാത്ത കുത്തിക്കയറ്റിയ അനാവശ്യ കട്ടി വാക്കുകളില്ലാത്ത, എന്നാൽ സാഹിത്യ സൗന്ദര്യം തെല്ലും ചോരാത്ത വായനാനുഭവം.

ആദ്യത്തെ കഥ 'ആകാശവിളക്കുകൾ' വേദനയോടെയല്ലാതെ വായിക്കാൻ സാധിക്കില്ല. എന്നാൽ 'ലജ്ജ' എന്ന രണ്ടാമെത്തെ കഥ, പ്രതിപാദിക്കുന്ന വിഷയത്തിന്റെ ഗൗരവം അനുസരിച്ച് ഒരുല്പം കൂടി വിശദമായി ഒരു കഥാതന്തു പ്രതീക്ഷിച്ചു. പിന്നീടു വരുന്ന 'പരിസമാപ്തി', 'എന്നെന്നേക്കും' എന്നീ ക്ഷകൾ കാലിക പ്രസക്തിയുള്ള, അഭിനവസാഹിത്യത്തിെന്റെ നിഴലുകൾ പ്രതിഫലിപ്പിക്കുന്നവയാണ്.

'മഴക്ക് മാത്രം ചെയ്യാവുന്നത് എനിക്കേറ്റവും പ്രിയപ്പെട്ട കഥയാണ്. കഥാകാരി എന്റെ സ്വപ്നങ്ങളിൽ കയറി അവ കവർന്നെടുത്തോ എന്നൊരു നിമിഷം ശങ്കിച്ചു പോയി.
'ആഴങ്ങൾ' നമ്മെ ചിന്തിപ്പിക്കുേമ്പോൾ 'മധുരക്കൊതി' നമ്മെ ചിരിപ്പിക്കും.

'കടലാസുതോണി', 'ജീവന്റെ ജാലകം', 'പുതിയ മുഖം' എന്നീ കഥകൾ വളരെ മൃദുലമായി വായിച്ചു പോകാവുന്ന കഥകളാണ്. 'പൂർണക്ഷയം' രണ്ടു വട്ടം വായിച്ചു. അവസാനത്തെ 'മാർജ്ജാരനായകി' വായിച്ചു പോകുമ്പോൾ മനസ്സിൽ വരുന്ന ചിത്രത്തേക്കാൾ ആഴമുള്ള ചിന്തകൾ അവശേഷിപിച്ചു പോകുന്നു.

ചുരുക്കത്തിൽ എറണാകുളത്ത് ജീവിച്ച് തിരുവനന്തപുരത്ത് സദ്യയുണ്ട തൃശൂർക്കാരിയുടെ അവസ്ഥയാണ്. ചില വിഭവങ്ങൾ നന്നേ പിടിക്കും , ചിലവ അത്ര പോരാ എന്നു തോന്നും, മറ്റു ചിലത് ആദ്യമായി കാണുന്നു. ചുരുക്കത്തിൽ ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് വായിച്ചു തീർക്കാമെങ്കിലും മണിക്കൂറുകളോളം ചിന്തിപ്പിക്കാനുള്ള ശേഷിയുള്ള കഥകളാണ്.

Comments